കൂടരഞ്ഞി: പൂവാറൻതോട് പ്രദേശത്തെ റിസോർട്ടിലെ ജീവനക്കാരനെ ആശങ്കകള്‍ക്കൊടുവില്‍ കണ്ടെത്തി. ഊട്ടി കോത്തേരി സ്വദേശി സതീഷി (33)നെയാണ് വനത്തില്‍ കാണാതായത്. നിലവിൽ സതീഷ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലാണുള്ളത്. കഴിഞ്ഞ 17-ന് രാവിലെ തമ്പുരാൻകൊല്ലി ഭാഗത്ത് നിന്ന് വനത്തിലേക്ക് കയറിയ സതീഷ് ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെയാണ് സഹപ്രവർത്തകരും നാട്ടുകാരും അന്വേഷണം ആരംഭിച്ചത്.
തുടർന്ന് ഇയാളെ കാണാതായതായി വ്യക്തമായതോടെ പോലീസിനെയും വനവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പൂവാറൻതോട് വാർഡ് മെംബർ റോയി ആക്കേലിയുടെ നേതൃത്വത്തിൽ പോലീസ്, വനപാലകർ, നാട്ടുകാർ എന്നിവർ ചേർന്ന് വനമേഖലയിൽ വ്യാപക തെരച്ചിൽ നടത്തി.
തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പുല്ലൂരാംപാറ കൊടക്കാട്ടുപാറ ഭാഗത്ത് നിന്ന് ബസ് കയറി സതീഷ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെത്തിയത്. അവശനിലയിലായിരുന്നു യുവാവ്. സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.